Description
ശുദ്ധപ്രേമത്തിനുവേണ്ടി ദാഹിക്കുന്ന ഈ യുഗജനതയുടെ ഹൃദയങ്ങളിൽ അമൃതത്വത്തിന്റെ ദിവ്യപ്രേമവർഷവുമായി അമ്മ എത്തിയിരിക്കുന്നു. മാനവരാശിയുടെ ദുഃഖഭാണ്ഡത്തെ മടിയിലെടുത്തു്, വേദനകൾക്കും ദുഃഖങ്ങൾക്കും അറുതിവരുത്തി, ആശാസവും പ്രതീക്ഷയും നല്കി അവരുടെ ഹൃദയാന്ധകാരം അകറ്റുകയാണമ്മ. തന്റെ മക്കളെ പരിപൂർണ്ണതയുടെയും അനന്താനന്ദത്തിന്റെയും പാതയിലേക്കു കൈപിടിച്ചു നയിക്കാൻ കാരുണ്യമയിയായ ഒരമ്മയായിട്ടത്രേ അമ്മയുടെ ആവിർഭാവം.
നിസ്വാർത്ഥതയുടെയും നിരുപാധികപ്രേമത്തിന്റെയും നിരുപമദൃഷ്ടാന്തമായി അമ്മയുടെ ജീവിതം പരിലസിക്കുന്നു. നാലു പതിറ്റാണ്ടുകളിലേറെയായി ഭൂഗോളത്തിന്റെ ഓരോരോ കോണിലുമുള്ള ലക്ഷോപലക്ഷം ജനങ്ങളെക്കണ്ടു്, അവരുടെ ദുഃഖങ്ങൾക്കു് വ്യക്തിപരമായ സമാശ്വാസം പകരാൻ അമ്മ അക്ഷീണം പ്രയത്നിക്കുകയാണു്. അവരുടെ കണ്ണുനീർ സ്വന്തം കൈകൊണ്ടു് ഒപ്പിയെടുത്തു് അമ്മ അവരുടെ ദുഃഖഭാരമകറ്റുന്നു. അമ്മയുടെ ദിവ്യസ്പർശനം, ഊഷ്മളത, കാരുണ്യം, സൗമ്യത, സകലരോടുമുള്ള അഗാധ പരിഗണന, ആത്മീയപ്രഭാവം, നിഷ്കളങ്കത, മനോജ്ഞ, എല്ലാംതന്നെ സ്പഷ്ടമായും അനന്യമത്രേ! ഈ ഭൂമണ്ഡലത്തിൽ, മനുഷ്യരുൾപ്പെടെ ഓരോ ജീവിയും തന്റെ മക്കളാണമ്മയ്ക്കു്.
അർത്ഥസമ്പുഷ്ടമായ ഭജനഗാനങ്ങളിലൂടെ, ജീവസ്സുറ്റ, ഹൃദയസ്പർശിയായ ദൃഷ്ടാന്തങ്ങളുള്ള ജീവിതഗന്ധിയായ പ്രഭാഷണങ്ങളിലൂടെ, അതുല്യമായ ജീവിതമാതൃകയിലൂടെ അമ്മ ഭക്തിയുടെയും, വേദാന്തത്തിന്റെയും സന്ദേശം മാനവരാശിക്കു പകർന്നുകൊണ്ടേയിരിക്കുന്നു. താൻ പറയുന്നതു് തന്റെ പ്രവൃത്തിയിലൂടെ അമ്മ സാക്ഷാത്കരിക്കുന്നു. അങ്ങനെ, ലോകത്തിലെ സകലമതങ്ങളിലെയും ശാസ്ത്രസാരാംശത്തിന്റെ മൂർത്തിമദ്ഭാവമാകുന്നു അമ്മ.