Description
ഭാരതത്തിന്റെ അതിമഹത്തായ ആത്മീയപരമ്പരയിലെ പ്രോജ്ജ്വലജ്യോതിസ്സാണു സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവി. ഭക്തജനങ്ങള്‍ക്കു് അമ്മ ജഗദ്ഗുരുവും ജഗന്മാതാവുമാണു്. കേരളത്തിലെ കൊല്ലം ജില്ലയില്‍, പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രത്തിനു് ഉദ്ദേശം ആറു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി, വള്ളിക്കാവിനടുത്തു പറയകടവു് എന്ന കടലോരഗ്രാമത്തില്‍ 1953 സെപ്തംബര്‍ 27നു് അമ്മ അവതരിച്ചു. ശ്രീമതി ദമയന്തിയും ശ്രീ സുഗുണാനന്ദനുമാണു മാതാപിതാക്കള്‍. അമ്മയുടെ ബാല്യത്തിലെ പേരു സുധാമണി. നാലഞ്ചു വയസ്സുള്ളപ്പോള്‍ത്തന്നെ സുധാമണി ഈശ്വരസ്തുതികള്‍ സ്വയം നിര്‍മ്മിച്ചു പാടിയിരുന്നു. സദാ ഈശ്വരഭാവത്തില്‍ മുഴുകിയിരുന്ന ആ ബാലികയുടെ യഥാര്‍ത്ഥ മഹത്ത്വം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ആദ്യമൊന്നും അറിയാന്‍ കഴിഞ്ഞില്ല.
മനുഷ്യജീവിതത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാതലായ കാര്യങ്ങളെല്ലാം അമ്മയുടെ സംഭാഷണങ്ങളില്‍ പ്രകാശിതമാകുന്നുണ്ടു്. ജീവന്‍, ഈശ്വരന്‍, ബ്രഹ്മം, ഗുരു, ആത്മസാക്ഷാത്ക്കാരം, സാധനാക്രമങ്ങള്‍, ഗൃഹസ്ഥാശ്രമം, സന്ന്യാസാശ്രമം തുടങ്ങി അമ്മ സ്പര്‍ശിക്കാത്ത ആത്മീയവിഷയങ്ങള്‍ ഒന്നുംതന്നെ ഇതിലില്ല എന്നുപറയാം. ഉറവവറ്റാത്ത ഉദാഹരണങ്ങള്‍, കഥകള്‍, നര്‍മ്മം, അന്തര്‍ദ്ദര്‍ശനം എന്നിവയെല്ലാമടങ്ങിയ അമ്മയുടെ സംഭാഷണങ്ങള്‍ ലാളിത്യം നിറഞ്ഞ മലയാളത്തനിമ പുലര്‍ത്തിക്കൊണ്ടു് അനുവാചകരെ ആത്മീയതയുടെ ഉദാത്തമേഖലകളിലേക്കു് അനായാസം നയിക്കുന്നു. ദിവ്യമായ ഈ മാതൃപ്രസാദം ലോകമംഗളകരമായിത്തീരാന്‍ അമ്മയുടെ അനുഗ്രഹത്തിനുപ്രാര്‍ത്ഥിക്കുന്നു.